Matthew 18:5-14
5ഇങ്ങനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു. 6എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ആരെങ്കിലും ഇടർച്ചവരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവനു നന്ന്. 7ഇടർച്ച ഹേതുവായി ലോകത്തിന് അയ്യോ കഷ്ടം; ഇടർച്ച വരുന്നത് ആവശ്യം തന്നെ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം. 8നിന്റെ കൈയോ കാലോ നിനക്ക് ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കൈയും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്ന്. 9നിന്റെ കണ്ണ് നിനക്ക് ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്ത് എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്ന്. 10ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. 11സ്വർഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. 12നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യന് നൂറ് ആട് ഉണ്ട് എന്നിരിക്കട്ടെ; അവയിൽ ഒന്ന് തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ? 13അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 14അങ്ങനെ തന്നെ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടമല്ല.